Friday, October 24, 2008

എന്റെ പ്രിയ സുഹൃത്തിന്.............

സുഖമാണോ നിനക്ക്..?എത്ര നാളുകളായി നാം തമ്മില്‍ സംസാരിച്ചിട്ട്....നീയറിയുന്നുവോ എന്റെ മൌനത്തിന് നീ പോയതിനോളം പഴക്കമുണ്ട്.എന്റെ സ്വപ്നങ്ങള്‍ക്കിപ്പോഴും നിന്റെ മുഖഛായയുണ്ട്.മാധുര്യമുള്ള ഒരോര്‍മയായി നിന്റെ വാക്കുകളിലെ ശീതളിമയെ ഞാനിപ്പോഴും മനസ്സിലേറ്റുന്നു.എന്തിനു വേണ്ടിയെന്നു നീ ചോദിച്ചേക്കാം...ഒന്നും മനപ്പൂര്‍വമല്ലെന്നു മാത്രമെനിക്കറിയാം.പണ്ടെന്നോ ഒരുനാള്‍ ഉയരങ്ങളിലേക്കു പറന്നിറങ്ങേണ്ടതിന്റെ ആവശ്യകതയെ കുറിച്ചു നീ പറഞ്ഞിരുന്നു...പരാജയങ്ങള്‍ക്കു മുന്നിലും അടി പതറരുതെന്ന് എന്നെ പടിപ്പിച്ച എന്റെ അജ്ഞാത സുഹൃത്തെ..........നിനക്കു നന്ദി........

Wednesday, October 8, 2008

.....ഞാന്‍....

...........................“സ്വപ്നങ്ങളില്ലാത്തൊരുറക്കം വേണമെന്ന് ഞാന്‍ വാശിപിടിച്ചു...അന്നു ദൈവമെന്നെ കൊന്നു...”
ഞാനിപ്പോള്‍ ഒന്നിനെ കുറിച്ചും ചിന്തിക്കാറില്ല.കഴിഞ്ഞതിനെപറ്റിയോ, വരാനിരിക്കുന്നതിനെ പറ്റിയോ ഒന്നും.ഒന്നും ഞാന്‍ ചിന്തിക്കാറില്ല.ഓരോ ദിവസവും വിരസമായി കഴിഞ്ഞുപോകുന്നു.ചിലപ്പോള്‍ ചെറിയൊരു സന്തോഷം തന്നാല്‍ അടുത്ത നിമിഷം തന്നെ ഇരട്ടി ദു:ഖമാണു എന്നെ തേടിയെത്തുന്നത്.വിധി എന്ന രണ്ടക്ഷരത്തെ പഴിച്ച് ഞാനും ഒതുങ്ങിക്കൂടുന്നു.പക്ഷെ കാരണമില്ലാത്തൊരു രോദനം എന്നിലെവിടെയോ ഒളിഞ്ഞിരിപ്പുണ്ട്.ചില നിമിഷങ്ങളില്‍ അതെന്റെ മിഴികളെ ഈറനണിയിക്കുന്നു.ചിലപ്പോള്‍ ഉറക്കെ കരയാന്‍ തോന്നാറുണ്ട്.മറ്റു ചിലപ്പോള്‍ ആര്‍ത്തുചിരിക്കാനും.എനിക്കു ഭ്രാന്താണെന്നു ചിലര്‍ വിശേഷിപ്പിക്കുന്നു.....ആണെന്നോ അല്ലെന്നോ പറയാന്‍ എനിക്കാവുന്നില്ല.കാരണം അതൊരു ഭയ സത്യമാണ്.ജീവിതത്തിന്റെ മാറാല പിടിച്ച വഴികളിലൂടെ സഞ്ചരിക്കുമ്പോള്‍ ഭ്രാന്തിയെന്നു മുദ്ര കുത്തുന്നതിനേക്കാള്‍ നല്ലതല്ലെ സ്വയം ഭ്രാന്തുത്വമുണ്ടെന്ന തിരിച്ചറിവുണ്ടാകുന്നത്...
കേട്ടാല്‍ വിഡ്ഡിത്തമെന്ന് തോന്നാവുന്ന ചില ചോദ്യങ്ങള്‍ എന്നിലുണ്ട്.ആര്‍ക്കുമതിനുത്തരം നല്‍കാന്‍ കഴിയില്ല.എന്റെ കണ്ണില്‍ മഹാത്മായ ഓഷോക്കു പോലും.കാരണം മരണമെന്തെന്നറിയാനുള്ള ത്വരയിലാണ് ഞാനന്നാ പുസ്തകമെടുത്തത്.‘വെറുപ്പു തോന്നിയ ജീവിതം‘ എന്തെന്നു പടിപ്പിക്കുകയാണ് ആ മഹാന്‍ ചെയ്തത്....ഇനി സ്വര്‍ത്ഥതയുടെ മുഖം മൂടിയണിഞ്ഞ് എന്റെ മാത്രം സന്തോഷത്തിനു വേണ്ടി ഒന്നും വീണ്ടെടുക്കാന്‍ ഞാന്‍ തയ്യാറല്ല.കാരണം ഈ ജീവിതം അത്ര രസമുള്ളതല്ല.യാഥാര്‍ത്യത്തിലേക്കു അടുക്കുന്തോറും ഓടിയൊളിക്കാന്‍ ശ്രമിക്കുന്നവരാണ് നമ്മളോരോരുത്തരും.അവരിലൊരുവളായി ഞാനും നീയും.ഇത്രയൊക്കെയേ നമ്മളെക്കൊണ്ടും പറ്റൂ.ഇതിനപ്പുത്തേക്കു പോയാല്‍ നമ്മള്‍ അഹങ്കാരികളായിത്തീരും.വളര്‍ത്തി വലുതാക്കിയ രക്ഷിതാക്കള്‍ക്കു മുമ്പില്‍ തെറ്റുകാരിയാകും.എന്നെ ഞാനാക്കുന്ന എന്റെ തോന്നലുകള്‍ക്കു മുമ്പില്‍ നന്ദിയില്ലാത്തവളാകും.അതൊന്നും ഞാനാഗ്രഹിക്കുന്നില്ല..
എന്റെ വീട്ടുകാ‍രെ ഞാനേറെ സ്നേഹിക്കുന്നു.ജീവനേക്കളേറെ,ലോകത്തേക്കാളേറെ എന്നൊന്നും ഞാന്‍ പറയുന്നില്ല.കാരണം എന്റെ ജീവനോടോ,ഈ ലോകത്തോടോ എനിക്കു മമതയില്ല.പിന്നെ അങ്ങനെ പറയുന്നതില്‍ കഴമ്പില്ലല്ലോ..എന്റെ ബന്ധുക്കളായി എന്നൊരു പാപം മാത്രമേ അവര്‍ ചെയ്തിട്ടുള്ളൂ..അതിനു ഞാന്‍ ആരെ പഴിക്കണം.എന്നെ ഒഴിച്ച് അവരെല്ലാം ജീവിതം ആസ്വദിക്കുന്നവരാണ്.പരാജയം മണക്കുന്ന വഴികളിലൂടെ അവരധിവേഗം സഞ്ചരിക്കുന്നു.സന്തുഷ്ടരാണവര്‍.എന്നിട്ടും ഞാന്‍ മാത്രമെന്തേയിങ്ങനെ.?എനിക്കു ചുറ്റുമുള്ള കറുത്ത ഏകാന്തത അത്രത്തോളം അസഹനീയമാണ്.എന്റെ നിഴല്‍ ചെറുതായി ചെറുതായി എന്നിലേക്കു തന്നെ മടങ്ങിയെത്തുന്നതു പോലെ തോന്നുന്നു.മരണത്തിനും എനിക്കുമിടയിലുള്ള ദൂരം കുറഞ്ഞുവരുന്നതായും........

Tuesday, September 30, 2008

ഹായ്............

ഓര്‍മ്മകള്‍ കൂടുകൂട്ടിയ മനസ്സിന്റെ തളിര്‍ചില്ലയില്‍...................
നിറമുള്ള ഒരായിരം ഓര്‍മ്മകളുമായി ഒരു പെരുന്നാള്‍ കൂടി...............................എല്ലാവര്‍ക്കും
എന്റെ ഹൃദയം നിറഞ്ഞ ഈദ് ആശംസകള്‍.................................

Sunday, September 14, 2008

ആരായിരുന്നു....നീ

നീ ആരായിരുന്നു.....?
ആദ്യ മഴയ്ക്കു ശേഷം ചിതലരിച്ച
ഓര്‍മമകളെ തട്ടിക്കുടഞ്ഞ് ഞാന്‍ ചിന്തിച്ചതതാണ്.............
മനസ്സിന്റെ കണാകോണുകളില്‍ഉറങ്ങിക്കിടന്ന
നിന്റെ മുഖംവെള്ള പൂശണമെന്നും,
നിന്റെ മിനുസമാര്‍ന്ന കൈവെള്ളയില്‍
ഒന്നു സ്പര്‍ശിക്കണമെന്നും ഞാനാഗ്രഹിക്കുന്നു........
ഓര്‍മ്മകള്‍ ഇന്നലെയില്‍ നിന്ന് ഇന്നിലേയ്ക്ക്
ഇന്നില്‍ നിന്നു നാളെയിലേയ്ക്ക്
അനുസ്യൂതം ചലിച്ചുകൊണ്ടിരിക്കുന്നു
മറക്കയാണെല്ലാം............പൂമുഖ തിണ്ണയില്‍
നിന്‍ കാലൊച്ചകള്‍ക്കു കാതോര്‍ത്തിരുന്നതും
മഞ്ഞുപൊഴിയുന്ന നിരത്തിലൂടെ
നാമൊറ്റയ്ക്കു നടന്നതും
കണ്ണോടു കണ്‍ചേര്‍ത്ത് പ്രണയം പറഞ്ഞതും......
നിയോണ്‍ ബള്‍ബിന്റെ മങ്ങിയവെളിച്ചത്തിനു
ചുവട്ടില്‍ കണ്ണീരിന്റെ കയ്യൊപ്പ് കണ്ടത്
അന്തരാത്മാവില്‍ ചോദ്യമുയരുന്നു വീണ്ടും,
ആരായിരുന്നു നീ................ഓര്‍ക്കാന്‍...,മറക്കാതിരിക്കാന്‍
നൊമ്പരംമാത്രം സമ്മാനിച്ച നീ
ആരായിരുന്നു................................?

Thursday, August 28, 2008

അലസത.....

ഈയിടെയായി മടിയുടെ കടന്നുകയറ്റം ഇത്തിരി അധികമായിരിക്കുന്നു...എന്റെ ഓരോ രോമകൂപങ്ങളിലും മടി പടര്‍ന്നു കഴിഞ്ഞിരിക്കുന്നു...സമയമെന്തെന്നറിയാന്‍ ക്ലോക്കിലേക്കു നോക്കണമെന്നുണ്ടായിരുനു..പക്ഷെ മടിതോന്നി...ചിരിക്കാനും കണ്ണടയ്ക്കാനും മടി..എന്റെ കയ്യിലുണ്ടായിരുന്ന പേന ടേബിളില്‍ വെക്കാനും,ടി.വി കാണാനും ,പോസ്റ്റ് എഴുതാന്‍ പോലും മടി.....ഉറക്കം വരുന്നുണ്ട്..പക്ഷെ കണ്ണടക്കാന്‍ മടിയാണ്.....ആരോടെങ്കിലും എന്റെ കണ്‍പോളകള്‍ അടച്ചുതരാന്‍ പറയണമെന്നുണ്ടായിരുന്നു.....അതിനു നാവനക്കാന്‍ പോലും എന്റെ മടിയെന്നെ സമ്മതിക്കുന്നില്ല...എന്താണു ഞാനിങ്ങനെയെന്നു ചിന്തിച്ചതാണ്,അതിനെനിക്കുത്തരം കിട്ടുന്നില്ല...വളരെ നീരസത്തോടെ മാത്രമെ എനിക്കെന്തും കാണാന്‍ കഴിയുന്നുള്ളു....എന്തിനും ഞാനാദ്യം മുടക്കമെ പറയൂ എന്നെല്ലാവരും പറയുന്നു...ഇവിടെ എന്റെ അഭിപ്രായങ്ങള്‍ അംഗീകരിക്കുന്നവരുണ്ട്....എന്നെ താലോലിക്കുന്നവരുണ്ട് പക്ഷെ എനിക്കൊന്നും സന്തോഷം നല്‍കുന്നില്ല...ഓരോ നിമിഷം കൂടുംതോറും എനിക്കീ ജീവിതം മടുക്കുന്നു...മടുപ്പുനിറഞ്ഞതാണീ ഭൂമിയിലെ ജീവിതം...........
നാമൊക്കെ സൌഹൃദങ്ങളുടെ വിലയറിയുന്നത് അതു നഷ്ടപ്പെടുമ്പോഴാണ്..ഞാനിപ്പോള്‍ അതനുഭവിക്കുന്നു...പല സൌഹൃദങ്ങളും എന്നില്‍ നിന്നും പടിയിറങ്ങുകയാണ്, അനുവാദം പോലും ചോദിക്കാതെ...പക്ഷെ കരയാറില്ല..കാരണം, ഞാനാരുമായും ആത്മബന്ധം സ്ഥാപിക്കാറില്ല..അനുഭവത്തില്‍ നിന്നും ഞാന്‍ പടിച്ച പാടമതാണ്...എന്റെ ഇടക്കുവെച്ച് തുടങ്ങിയ യാത്രയില്‍ ചിലരുമായി എനിക്കാത്മബന്ധമുണ്ഡായിരുന്നു...പിന്നീട് കാലചക്രം തിരിയുന്നതിനനുസരിച്ച് ചിലര്‍ ശത്രുക്കളാകാന്‍ തുടങ്ങി... എന്നെ തിരിച്ചറിയാത്തവരായിമാറിക്കൊണ്ടിരിക്കുന്നു............ഇപ്പോള്‍ ഞാന്‍ സ്വതന്ത്രയാണ്..ആരോടും എനിക്കു കടപ്പാടില്ല....ചുറ്റുമുള്ളവരോട് ഞാന്‍ ചിരിക്കാറുണ്ട്..സംസാരിക്കാറുണ്ട്......ആ‍ നിമിഷങ്ങള്‍ കഴിയുന്നതോട് കൂടി എന്നിലേക്കുതന്നെ മടങിയെത്താന്‍ ഞാനിപ്പോള്‍ ശീലിച്ചിരിക്കുന്നു......ചിലപ്പോള്‍ ഒറ്റക്കിരിക്കാന്‍, ആള്‍ക്കൂട്ടത്തിനിടയില്‍ നിശബ്ദയായിരിക്കാന്‍ ഞാന്‍ ആഗ്രഹിക്കാറുണ്ട്...കാരണം ഞാന്‍ സംസാരിച്ചാല്‍ അധികപ്രസംഗി എന്നു പറയുന്നവരാണധികവും...നിശബ്ദയാകാനും ഇവര്‍ സമ്മതിക്കില്ല....എന്തൊരു ലോകമാണിത്....എന്തു ചെയ്താലും കുറ്റം കാണുന്നവരാണിവിടം..............

Thursday, July 31, 2008

ഒരു സ്വപ്നം

എന്റെ ചിത കത്തിയെരിഞ്ഞാല്‍
ഒരു കരിങ്കല്‍ കഷ്ണം ബാക്കിയാകും,...എന്റെ ഹൃദയം....
കാലമേറെ കഴിയുമ്പോള്‍ ഒരു ശില്പി ആ കരിങ്കല്ലിന്റെ ഹൃദയത്തില്‍
നിന്നെ കണ്ടെത്തും.................
എന്റെ സ്വപ്നവീചികള്‍ പാടിയുണര്‍ത്തിയ,
എന്റെ സായന്തനങ്ങള്‍ സങ്കീര്‍ത്തനമാക്കിയ,
എന്റെ രാവുകള്‍ വര്‍ണ്ണഭമാക്കിയ.,
എന്റെ നൊമ്പരങ്ങളില്‍ സാന്ത്വനമേകിയ നിന്നെ....................

Friday, July 25, 2008

ഞാന്‍ കണ്ട പ്രണയം...........

നിറയെ വാകപ്പൂക്കള്‍ പൊഴിഞ്ഞുകിടക്കുന്ന ഇടവഴിയില്‍ വെച്ചാണ്
ഞാനവനെ ആദ്യമായി കാണുന്നത്...കോളേജിലെ ബഹളങ്ങളില്‍ നിന്ന്,
വിരസ വേളകളില്‍ നിന്ന് ഞാനൂളിയിടാറുള്ളത് കാമ്പസിനോട് ചേര്‍ന്നുള്ള
ആ ഇടവഴിയിലേക്കാണ്.അതായിരിക്കാം മരങ്ങളുടെ
ഇരുള്‍പറ്റിക്കിടന്നിരുന്ന ആ ഇടവഴിയെ ഞാനിത്രമാത്രം സ്നേഹിച്ചത്.... പതിവുപോലന്നും ഞാനവനെ കണ്ടു. അവന്റെ മുഖം അഞജാതമായൊരു
ദു:ഖം പേറുന്നതായി തോന്നി.തീക്ഷണമായ കണ്ണുകള്‍ ഗഹനമായി എന്തോ
ചിന്തിക്കുന്ന പോലെ കാണപ്പെട്ടു...കൂട്ടുകാരില്‍ നിന്നൊഴിഞ്ഞ്
ഏകാകിയായിരിക്കുന്ന അവനെയാണ് ഞാനെന്നും
കണ്ടിരുന്നത്.നെറ്റിയിലേക്ക് ഊര്‍ന്നുവീണ മുടിയിഴകളും ശൂന്യതയിലേക്കു
നോക്കിയുള്ള ഇരുത്തവും എന്റെ ശ്രദ്ദയാകര്‍ഷിച്ചിരുന്നു.....പലപ്പോഴും
തമ്മില്‍ കണ്ടാല്‍ വേര്‍ത്തിരിച്ചറിയാനാവാത്ത ഒരു ചിരി മാത്രം
അവനെനിക്കു സമ്മനിച്ചു....എന്നിട്ടും വിരസമായ ക്ലാസ്സിനും
നീണ്ടു മെലിഞ്ഞ പകലുകള്‍ക്കും ആശ്വാസമായിത്തീര്‍ന്നു ആ മുഖം..അവനെ
കാണുമ്പോ‍ള്‍ ഒരു നവവധുവിന്റെ ലജ്ജ എന്നിലുണരാന്‍
തുടങ്ങി....നിദ്രയുടെ അപാരതയില്‍ ഞാനവനുമായി സ്വപ്നതാഴ്വരകള്‍
കയറിയിറങ്ങി......വീണുകിടക്കുന്ന പൂക്കളെ നിര്‍ന്നിമേഷനായി നൊക്കിനില്‍ക്കുന്ന
അവനെയാണു ഞാനിന്നു കണ്ടത്..ഒന്നുകൂടി അടുത്തെത്തിയപ്പോള്‍ അവന്‍
കരയുകയാണെന്നു തോന്നി..കണ്‍ തടങ്ങള്‍ ചുവന്നിരുന്നു...നാസികാഗ്രം
വിയര്‍പ്പുകണങ്ങളാല്‍ മൂടപ്പെട്ടിരുന്നു.എന്താണെന്ന ചോദ്യത്തിനു
ഒന്നുമില്ലെന്ന മട്ടില്‍ തലയാട്ടുകയായിരുന്നു മറുപടി....പെയ്തൊഴിയാന്‍
വെമ്പിനില്‍ക്കുന്ന കാര്‍മേഘമാണവന്റെ മനസ്സെന്നെനിക്കു
തോന്നി.ചിലപ്പോഴൊക്കെ ദു:ഖങ്ങള്‍ ഞാനുമായി പങ്കുവെക്കാന്‍ അവന്‍
തയ്യാറായി.....ഉച്ചസമയങ്ങളിലെ ഒഴിവുവേളകളില്‍ നിറയെ പൂത്തുനില്‍ക്കുന്ന
വാകയുടെ ശീതളിമയിലേക്ക് ഞാനവനെ ക്ഷണിക്കാറുണ്ട്...അപ്പോഴൊക്കെ
വാ‍കപ്പൂ വര്‍ഷിച്ചിരുന്നു.പതിവുപോലന്നും പരസ്പരം പങ്കുവെച്ച
മൂകവിഷാദങ്ങള്‍ക്കൊടുവില്‍ പ്രണയമൊരു നാരങ്ങാമിട്ടായിയായി
അവനെനിക്കു നല്‍കി...അപ്പോഴേക്കും പ്രണയത്തിന്റെ സൈക്കോളജി
അവനെനിക്കു പകര്‍ന്നുതന്നിരുന്നു...വിശാലമായ കാമ്പസിലൂടെ
കൈകോര്‍ത്തു നടക്കുമ്പോള്‍ അവനൊന്നും പറഞ്ഞില്ല...അരങ്ങില്‍ മൌനം
മാ‍ത്രം തളം കെട്ടിനിന്നു.എനിക്കസഹ്യത തോന്നി..വാകച്ചോട്ടില്‍
വീണുകിടന്നിരുന്ന പൂക്കളെയാരോ ചവിട്ടിയരച്ചിരുന്നു.അതുനോക്കിനില്‍ക്കേ
അവന്‍ പറഞ്ഞുതുടങ്ങി...അലീനാ...ഞാന്‍....ഇടര്‍ച്ചയോടെ നിര്‍ത്തി.ഊഷമള
സ്വപ്നത്തിന്റെ നിണമണിഞ്ഞ പ്രതീക്ഷകളെ തലോടി ഞാനവനെത്തന്നെ
ഉറ്റുനോക്കി...അവന്‍ പറഞ്ഞതിത്രമാത്രം,അലീനാ ഞാന്‍ നിന്നെ
സ്നേഹിക്കുന്നു ഒരു സഹോദരിയെപ്പോലെ...പിന്നെ കനത്ത
കാല്‍ വെയ്പ്പുകളോടെ നടന്നുനീങ്ങി..അടിവയറ്റിലെവിടെയോ ഒരു
കുഞ്ഞുജീവനുണര്‍ന്ന് അവന്റച്ചനെ വിളിക്കുന്നതായെനിക്കു
തോന്നി...കരയാന്‍ ഞാന്‍ മറന്നുപോയിരുന്നു.......

Tuesday, July 15, 2008

സൌഹൃദം.....

കൂട്ടുകാരാ.......
മഹാമൌനത്തിന്റെ അകത്തളങ്ങളില്‍
ഞാനൊരു മുഖത്തെ തിരിച്ചറിയുന്നു
മറന്നുവോ എന്നെ......?
അനന്ത കാലങ്ങള്‍ക്കകലെ
കൌമാരത്തിന്റെ ഇടനാഴിയില്‍ വെച്ച് വേര്‍പിരിഞ്ഞവര്‍ നമ്മള്‍
കാലം തേരാളിയാകുമ്പോള്‍
ഓര്‍മ്മകള്‍ക്കു ക്ലാവുപിടിക്കുന്നു...
ആരോര്‍ക്കുവാനിനീ പിന്നിട്ട സൌഹൃദം,
ഓരോ മനവും പുതിയ മുഖങ്ങള്‍ തേടുന്നു.,
ഓരോ മുഖങ്ങളും പുതിയ കഥകള്‍ പറയുന്നു...
എങ്കിലുമെന്റെ മൈത്രേയാ.........
ഒരു വാക്കെങ്കിലും പറയുക നീ.......
ഈ മൌനം മരണമാണ്......
ഓര്‍ക്കുന്നുവോ നീ...........
ഒരുനാള്‍ കടലാസ് തുണ്ടുകള്‍ നമ്മുടെ മാധ്യമമായതും
നിന്റെ കൈകള്‍ക്കുള്ളില്‍ പേടിച്ചരണ്ട മുഖവുമായൊരുവള്‍ചൂളിനിന്നിരുന്നതും.......
ഇല്ല നീ ഒന്നും ഓര്‍ക്കുന്നില്ല.....
മനം വീണ്ടും പുതിയ കഥകള്‍ മെനെയും മുമ്പ്
ഞാനൊന്നു കൂടി ചോദിയ്ക്കട്ടെ....?
അറിയുമോ നീ എന്നെ.......ഞാന്‍ ആരെന്ന്.....?
എന്റെ പേരെന്തെന്ന്.............?

Friday, July 11, 2008

അശ്രുബിന്ദുക്കള്‍.....


ഇല്ല.....

ഇനിയൊരു മടക്കയാത്ര എനിക്കാവില്ല..,

അത്രമേല്‍ നീയെന്നില്‍ നിന്ന് ഞാന്‍

നിന്നില്‍ നിന്നകലെയാണ്.....

എങ്കിലും ജനിമൃതികള്‍ക്കിടയിലുള്ള ഈ ജീവിതം

ഞാന്‍ നിന്റെ മുന്നില്‍ അടിയറവു വെക്കുന്നു,

എന്റെ ആത്മാംശമാണു നീയെന്നു വിശ്വസിക്കുന്നു.

ഓര്‍ക്കുന്നുവോ നീ........

കര്‍ക്കിടകത്തിലെ വര്‍ഷരാഗം പോലെയായിരുന്നു

നമ്മുടെ പ്രണയം.,

പക്ഷെ ഇന്നതു വേനല്‍പെയ്ത്തു പോലെയാണ്

ആരവങ്ങളില്ലാതെ അടയാളങ്ങള്‍

ബാക്കിവെക്കാതെ,

കരഞ്ഞുതീര്‍ക്കുന്ന വേനല്‍ പെയ്ത്തുപോലെ..

അവശേഷിക്കുന്നത് ഞാനും

നിന്നോര്‍മകളും മാത്രം.....

Tuesday, July 8, 2008

സ്നേഹം..

എനിക്കിഷ്ട്പ്പെട്ട പോലെ നീയൊ നിനക്കിഷ്ട്പ്പെട്ട പോലെ ഞാനോ പെരുമാറുന്നതാണോ സ്നേഹം...?എന്റെ ഇഷ്ട്ങ്ങള്‍ക്കനുസരിച്ച് നിന്നെ കാണാന്‍ ശ്രമിക്കുന്നതും നിന്റെ ഇഷ്ട്ങ്ങളിലൂടെ എന്നെ കാണുന്നതും ഇതൊക്കെയാണൊ സ്നേഹം.സത്യത്തില്‍ നിന്നെ നീയായും എന്നെ ഞാനായും നമ്മുടെ കുറവുകളോടെ തന്നെ അറിയുന്നതല്ലെ യഥാര്‍ത്ഥ സ്നേഹം...എനിക്കൊ നിനക്കൊ,അതിനു കഴിയുമ്പോള്‍ നാം പരസ്പരം സ്നേഹിക്കുന്നു എന്നു പറയാം...ഇപ്പോള്‍ നമ്മള്‍ സത്യത്തില്‍ ഇഷ്ട്പ്പെടാന്‍ ആഗ്രഹിക്കുന്നു പോലുമില്ല എന്നതാണു സത്യം...അതെ ,അതുമാത്രമാണു സത്യം.......................

Friday, July 4, 2008

യാത്രാമൊഴി....

ബന്ധങ്ങള്‍ പലപ്പോഴും അകലാന്‍ വേണ്ടി മാത്രമുള്ളവയാണ്.മൌനം പൊതിഞ്ഞ പാതയിലെവിടെയോ വെച്ചു കാണും.കനം തിങ്ങിയ നിനിഷങ്ങള്‍ക്കൊടുവില്‍ എന്തൊക്കെയൊ പറഞ്ഞുതീര്‍ക്കും.പിന്നീട്,പിന്നീടൊരു നളൊന്നും പറയാതെ ഇരുവഴികളിലായി നടന്നു നീങ്ങും.അന്നു മറന്നുവെച്ചവ പലതായിരിക്കും.,പറയാതെപോയതും.....ഒടുവില്‍ നഷ്ട്പ്പെട്ടവ കണ്ടെടുക്കുമ്പോഴേക്കും സ്വന്തം മുഖം നമുക്കു നഷ്ട്പ്പെട്ടിരിക്കും....മിന്നിമായുന്ന മുഖങ്ങള്‍ക്കൊടുവില്‍, പൊഴിഞ്ഞുതീരുന്ന, നിറം മങ്ങിയ പകലുകള്‍ക്കൊടുവില്‍ നമുക്കെല്ലാം സ്വന്തമാകുന്നത് ചില നഷ്ട്ങ്ങള്‍ മാത്രമാണ്.വഴിയരികില്‍ സമ്മാനിച്ച വിടര്‍ന്ന ഒരു ചിരി,ദു:ഖം മാത്രം സമ്മാനിച്ച ഏതോ ഒരു മുഖം.ഒടുവില്‍ സ്വയം സൃഷ്ടിക്കുന്ന ഏകാന്തതക്കൊടുവില്‍ ഒരു തുള്ളികണ്ണുനീര്‍ പൊടിഞ്ഞാല്‍ ശുഭരാത്രി. നീ ചിന്തിച്ചിട്ടുണ്ടൊ....ഈ ലോകമെത്ര സുന്ദരമാണെന്ന്...?നിഷ്കളങ്കതയുടെ ഒരൊറ്റ മുഖവും കാണുന്നേയില്ല,എല്ലാം കപടം.വികൃതമായ ശരീരത്തില്‍ ആടകളും, മുഖം നിറയെ ചായം തേച്ചും നടക്കുന്നവര്‍.ഇന്നലെകള്‍ നശിച്ചവര്‍,ഓര്‍മകള്‍ ഇല്ലാത്തവര്‍.അതില്‍ രണ്ടശ്രുബിന്ദുക്കളായി ഞാനും നീയും.പക്ഷെ നാം തമ്മില്‍ അന്തരങ്ങളുണ്ട്.എനിക്കു ആഗ്രഹങ്ങളില്ല.,ദു:ഖങ്ങള്‍ മാത്രം.നീയൊ,....ഉയര്‍ന്നു പറക്കാന്‍ കൊതിച്ച് ചിറകറ്റ് വീണവന്‍.വിടരാത്ത സ്വപ്നങ്ങള്‍ സ്വന്തമായുള്ളവന്‍.നമുക്കിടയില്‍ രണ്ടഗ്നി ഗോളങ്ങള്‍.ദു:ഖം ഉന്മാദമായതു കൊണ്ടാകാം ഞാന്‍ കരയുന്നു.നീ ഭ്രാന്തമായി ചിരിക്കുകയും.......ചില നിമിഷങ്ങളില്‍ ദുഖത്തിന്റെ കനല്‍ കുടീരങ്ങള്‍ നീയുമായി പങ്കുവെക്കാന്‍ ഞാനാഗ്രഹിക്കാറുണ്ട്.പക്ഷെ പറയുവാനുള്ളത് കണ്ണീര്‍ക്കഥകളാകുമ്പോള്‍ നിനക്കും മടുക്കും.കാരണം സന്തോഷം നാം അളക്കാറില്ല,ദു:ഖം അളന്നുതിട്ടപ്പെടുത്തും. ചിലപ്പോഴൊക്കെ ഞാനൊരു മാധവിക്കുട്ടിയായിരുന്നെങ്കിലെന്നാഗ്രഹിച്ചിട്ടുണ്ട്.നമ്മളടങ്ങുന്ന സമൂഹത്തെ എത്ര തന്മയത്തത്തോടെയാണവരഴിച്ചു മാറ്റുന്നത്......ജീര്‍ണ്ണിച്ചുതുടങ്ങിയ തത്വശാസ്ത്രങ്ങളെ കുഴിച്ചുമൂടാന്‍ ഞാനാഗ്രഹിക്കുന്നു....പക്ഷെ നീയടങ്ങുന്ന പുരുഷസമൂഹം തന്റെ നീരാളിക്കയ്കളാല്‍ എന്നെ വരിഞ്ഞുമുറുക്കും.ജ്വലിച്ചു തുടങ്ങിയ എന്റെ കണ്ണുകള്‍ നിങ്ങള്‍ ചൂഴ്ന്നെടുക്കും.എന്നെന്നേക്കുമായെന്നെ നിശബ്ദയാക്കും.എന്നാലും എനിക്ക് ഭയമില്ല.കാരണം എന്റെ ചിന്തകള്‍ക്ക് ഞാനെന്നേ ശവക്കല്ലറ പണിതുകഴിഞ്ഞു.എന്റെ നിശ്വാസം പോലും കടവാതിലിന്റെ ചിറകടിയായി മാറിയിരിക്കുന്നു.... കാരണമില്ലാതെ കരയാന്‍ ഞാനിപ്പോള്‍ ശീലിച്ചു കഴിഞ്ഞിരിക്കുന്നു.....നിന്റെ സന്തോഷത്തില്‍ പങ്കുചേരാനോ, സ്വയം മറന്നൊന്നു ചിരിക്കാനോ എനിക്കറിയില്ല...ദു:ഖം ഒരു വിഷസൂചിക പോലെ എന്റെ ശരീരം മുഴുവന്‍ പടര്‍ന്നിരിക്കുന്നു...ജീവിതം ആവര്‍ത്തനമാണ്.,ഓരോ പ്രഭാതവും ഒന്നിനൊന്ന് വിരസമാണ്.മനസ്സുകൊണ്ട് മൃഥ്യു വരിച്ച ഒരുവള്‍ക്ക് ജീവിതം ആയാസമേകും.നശ്വരതയെന്തെന്നറിയാതെ മൂഢ സ്വര്‍ഗ്ഗത്തില്‍ അലയുകയായിരുന്നു ഞാനിത്രനാളും........ഇനി വയ്യ.എല്ലാം ഓര്‍മകളായിത്തീരുന്നതിനു മുമ്പ് സ്വപ്നങ്ങള്‍ വറ്റിവരളുന്നതിനു മുമ്പു എനിക്കു പോകണം ,വ്യതിഥ താളത്തോടെ ഇഴയുന്നതിനേക്കാള്‍ നല്ലത് മരണമാണ്....ആരോടും ഞാന്‍ യാത്ര പറയില്ല...സഹതാപത്തിന്റെ ശരവര്‍ഷങ്ങള്‍ എനിക്കിഷ്ട്മല്ല,.അതെന്നെ കുത്തിനോവിക്കുകയേ ചെയ്യൂ... എന്നെ മറക്കരുതെന്നോ,ഓര്‍ക്കണമെന്നോ പറയാന്‍ എനിക്കു കഴിയില്ല.കാരണം കാലം വല്ലാത്തൊരു വില്ലനാണ്.കാലചക്രം തിരിയുന്നതിനനുസരിച്ചു മറക്കപ്പെടവുന്നതേയുള്ളു എല്ലാം...അതില്‍ പ്രധാനിയായിരിക്കട്ടെ ഞാനും എന്നോര്‍മകളും...... നിങ്ങള്‍ പരിതപിച്ചേക്കാം,എന്നെ ശപിച്ചേക്കാം.ഞാനരെയാണ് ഭയക്കേണ്ടത്.എന്നെ വളര്‍ത്തിയ മാതപിതാക്കളേയൊ,അവര്‍ക്കെന്നെയറിയാം, എന്റെ വ്യഥകളറിയാം.......പിന്നെ എന്നെ ഞാനാക്കിയ തത്വശാസ്ത്രത്തെയൊ ലോക തത്വങ്ങളെയോ എനിക്കു ഭയമില്ല....ഇതാണു സ്വര്‍ഗ്ഗമെന്നും അവനാണു ജീവിതമെന്നും ഞാന്‍ വിശ്വസിച്ചിരുന്നു...മനസ്സിന്റെ തോന്നലുകള്‍ എന്റെ കൈകള്‍ക്കറിയാമെന്നു തോന്നുന്നു.ഒരിക്കലും നശിക്കത്തൊരോര്‍മയായ് അവനുള്ളതുകൊണ്ടാകാം ഈ താളുകളില്‍ ഞാനവന്റെ നിഴല്‍ചിത്രം വരച്ചത്....അങ്ങനെയെങ്കിലും അവനെന്നിലൂടെ ജീവിക്കട്ടെ... ഇപ്പോള്‍ ഞാനത് മറക്കാന്‍ ശ്രമിക്കുന്നു.പുതിയ മേച്ചില്‍പ്പുറങ്ങള്‍ അന്യേഷിക്കാനാവില്ലെങ്കിലും എനിക്ക് മറന്നേ തീരൂ......ചിലതങ്ങിനെയാണ്.,പാതിവഴിയില്‍ വെച്ച് നഷ്ട്പ്പെടുന്നവ,നഷ്ട്പ്പെടുത്തേണ്ടവ.ഇനിയൊരു പുനര്‍ജജനിയില്ലാത്ത വിധം ആ വസന്തമെനിക്ക് നഷ്ടപ്പെട്ടിരിക്കുന്നു......ഇനിയൊന്നുമെന്നിലവശേഷിക്കുന്നില്ല,...കുറച്ച് ശൂന്യതയല്ലാതെ.........

Wednesday, July 2, 2008

ചിരിക്കുന്ന മാലാഖ.

നാക്കിലയില്‍ വെള്ളപുതച്ച് കുഴിയിലമര്‍ന്ന
കണ്ണുകളുള്ള ശീതീകരിച്ച ഒരു ശവം കിടക്കുന്നു.
ശാന്തിയുടെ നിശബ്ദ ലോകത്തേക്ക്
പറന്നുയര്‍ന്ന ഒരു മാലാഖ.
ആ ശവമെന്നോട് പുഞ്ചിരിയ്ക്കുന്നു
ആശയറ്റ മനസ്സില്‍ ശാന്തമായ ചിരി
ഭ്രാന്തമായി ദിഗന്തം നടുങ്ങുമാറ്
ഞാനും ചിരിക്കുന്നു,
എനിക്കു ചുറ്റുമുള്ളവര്‍ എന്നെ
പകച്ചുനോക്കുന്നതെന്തിന്........?
തേങ്ങുന്നതിനിടയിലും നിങ്ങളെന്നെ മനം
മടുത്തു പോകുന്നു
നിരവധി ചോദ്യമെന്നില്‍ നുരഞ്ഞുപൊന്തവെ
ഘോര ഘോരമായി ചിരിച്ച്,
സാകൂതം ഞാനാ ശവത്തെ നോക്കി
മരിച്ചതെന്‍ ‘മുത്തശ്ശിയായിരുന്നു.....

Saturday, June 28, 2008

ഓര്‍മകളുടെ തംബുരുവില്‍....................

പുറത്തു നേരിയ ചാറ്റല്‍മഴയുണ്ട്
മുമ്പ് കണ്ട മൂന്ന് നക്ഷത്രങ്ങള്‍ കാര്‍മുകില്‍
മറച്ചിരിക്കുന്നു......
നിയോണ്‍ വെളിച്ചത്തില്‍
കരയുന്ന പാതയുടെ നെഞ്ചില്‍ ചവിട്ടി
എനിക്കൊന്നു നടക്കണം
ചിലര്‍ ചോദിച്ചേക്കാം
നിനക്കു വട്ടുണ്ടോ എന്ന്
എന്താണ് മറുപടി.....?
ഇടയ്ക്ക് വീണു കിട്ടുന്ന ഈ ഗൃഹാതുരത്വമല്ലാതെ
മറ്റെന്താണ് നമുക്ക് സ്വന്തമായുള്ളത്.

പിന്‍ വിളിക്കായ് ആരുമില്ലെങ്കിലും
ഞാനൊന്ന് നടക്കട്ടെ......

നിന്റെ പേരുകൊത്തിവെച്ച നിലാവിന്റെ
പ്രകാശക്കുത്തൊഴുക്കിലൂടെനടന്നപ്പോള്‍
നിന്നെകുറിച്ചു മാത്രമാണ് ചിന്തിച്ചത്,
ക്ലാവു പിടിച്ച ചിന്തകളില്‍ നിന്നും
നിന്റെ മുഖം ,കണ്ണുകള്‍,പേര് എല്ലാം
ഓര്‍മിച്ചെടുക്കണമെന്ന് ഞാനാഗ്രഹിക്കുന്നു........
നിന്റെ കണ്ണുകള്‍ വിടര്‍ന്നതോ
കവിളുകള്‍ തുടുത്തതോ എന്ന്.......
പക്ഷെ,
എന്റെ ഡയറിത്താളുകളിലൊന്നും തന്നെ
നിന്റെ പേരു കണ്ടില്ല,മുഖം കണ്ടില്ല.....
നമ്മള്‍ ആദ്യം പരിചയപ്പെട്ട നിമിഷം,
ആ ദിവസം ഓര്‍മിച്ചെടുക്കണമെന്ന്
ഞാനഗ്രഹിക്കുന്നു...
ആ ദിവസം ഇരുണ്ടതോ,തെളിച്ചമുള്ളതോ എന്നറിയാന്‍
അന്നു വര്‍ഷമോ വേനലോ എന്ന്
പക്ഷെ,വെറുക്കപ്പെടാത്ത ആ ഓര്‍മ തെന്നിപ്പോയി...
എന്തെങ്കിലും ഓര്‍ക്കാനോ,കാണാനോ കഴിയാത്ത വിധം,
ഞാനത്രയ്ക്കു മൌഢ്യയായിരുന്നു.....
നീ ആണോ പെണ്ണോ എന്ന്
നിന്റെ പേരെന്താണെന്ന് തിരിച്ചറിയാന്‍ കഴിയാത്തവിധം.........

Tuesday, June 24, 2008

ഹ്രദയവിലാപം

മനസ്സു കാടുകയറാന്‍ തുടങ്ങിയപ്പോള്‍ ദു:സ്സഹമായ പല ഓര്‍മകളും കുത്തിനോവിക്കാന്‍ തുടങ്ങിയപ്പോള്‍ ഒരു ആശ്വാസത്തിനെന്നവണ്ണം അവള്‍ ചുറ്റുപാടും പരതി..അപ്പോഴാണു തന്നെ ശ്രദ്ദിക്കുകയായിരുന്ന മിഴികളുമായി അവളുടെ കണ്ണുകള്‍ ഉടക്കിയത്..എവിടെയൊ വെച്ച് കണ്ടു മറന്നൊരു മുഖം......അവള്‍ തന്റെ മനസ്സില്‍ അടുക്കിവെച്ചിരുന്ന ,പഴകിദ്രവിച്ച് പോകാന്‍ തുടങ്ങിയ ഓര്‍മകളുടെ കെട്ടുകളഴിക്കാന്‍ തുടങ്ങി...തന്നെ കണ്ട നിമിഷം അയാളും എന്തൊക്കെയൊ മനസ്സില്‍ നിന്നടര്‍ത്തിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നോ.....എത്രയോ കാലത്തിനിടയ്ക്ക് കളഞ്ഞുപോയ മുത്ത് കിട്ടിയ സന്തോഷത്തോടെ അവള്‍ അവനെ നോക്കി ചിരിക്കാന്‍ ശ്രമിച്ചു...പക്ഷെ പെട്ടെന്നാണു ഒരു കൊച്ചുകുട്ടി ഓടിവന്നു അയാളെ“ അച്ഛാ” എന്നു വിളിക്കുന്ന ശബ്ദം അവളുടെ കാതുകളില്‍ വന്നലച്ചത്...അവളെന്തൊ പറയാനെന്ന വണ്ണം അവളുടെ ചുണ്ടുകളനക്കാന്‍ ശ്രമിച്ചു...പക്ഷെ തൊണ്ടയില്‍ നിന്നുതിര്‍ന്നു വന്ന വാക്കുകള്‍ പുറത്തെത്തിയപ്പോഴെക്കും അയാള്‍ ആ‍ കുട്ടിയുടെ കൈ പിടിച്ചു നടന്നകന്നിരുന്നു...............................................................

Saturday, June 21, 2008

നിശ്ചലത

നിന്നില്‍ നിന്നു ഞാനാഗ്രഹിക്കുന്നത് സാന്ത്വനമാണ്
എല്ലാം മറന്നൊരു സുഖനിദ്രയും
കണ്ണുകളില്‍ അത്പം ആര്‍ദ്രതയും
സാന്ത്വനത്തിന്റെ തൂവല്‍ സ്പര്‍ശവുമായി
നീ വരിക
ഇമ്പമാര്‍ന്ന മൊഴികള്‍ കൊണ്ടെന്നെ സ്നാനം ചെയ്യുക
എന്റെ പാപം തീരട്ടെ.
പിന്നെ;
എന്റെ നഷ്ട്ങ്ങള്‍, പ്രതീക്ഷകള്‍
എല്ലാം മറന്ന് നിദ്രയുടെ അപാരതയിലേക്ക്
നാം മാത്രമുള്ള സ്വപ്ന ലോകത്തേക്ക്
എനിക്ക് പോകണം.
വരിക നീ.....എന്നരികില്‍
നീലമിഴികളോടെ നിലാവില്‍
നിഴലില്ലാത്തവനായി
എന്നെ പുണരുക, നിന്റെ
ചുടുനിശ്വാസങ്ങളേറ്റ് ഞാനുറങ്ങട്ടെ................