Friday, July 4, 2008

യാത്രാമൊഴി....

ബന്ധങ്ങള്‍ പലപ്പോഴും അകലാന്‍ വേണ്ടി മാത്രമുള്ളവയാണ്.മൌനം പൊതിഞ്ഞ പാതയിലെവിടെയോ വെച്ചു കാണും.കനം തിങ്ങിയ നിനിഷങ്ങള്‍ക്കൊടുവില്‍ എന്തൊക്കെയൊ പറഞ്ഞുതീര്‍ക്കും.പിന്നീട്,പിന്നീടൊരു നളൊന്നും പറയാതെ ഇരുവഴികളിലായി നടന്നു നീങ്ങും.അന്നു മറന്നുവെച്ചവ പലതായിരിക്കും.,പറയാതെപോയതും.....ഒടുവില്‍ നഷ്ട്പ്പെട്ടവ കണ്ടെടുക്കുമ്പോഴേക്കും സ്വന്തം മുഖം നമുക്കു നഷ്ട്പ്പെട്ടിരിക്കും....മിന്നിമായുന്ന മുഖങ്ങള്‍ക്കൊടുവില്‍, പൊഴിഞ്ഞുതീരുന്ന, നിറം മങ്ങിയ പകലുകള്‍ക്കൊടുവില്‍ നമുക്കെല്ലാം സ്വന്തമാകുന്നത് ചില നഷ്ട്ങ്ങള്‍ മാത്രമാണ്.വഴിയരികില്‍ സമ്മാനിച്ച വിടര്‍ന്ന ഒരു ചിരി,ദു:ഖം മാത്രം സമ്മാനിച്ച ഏതോ ഒരു മുഖം.ഒടുവില്‍ സ്വയം സൃഷ്ടിക്കുന്ന ഏകാന്തതക്കൊടുവില്‍ ഒരു തുള്ളികണ്ണുനീര്‍ പൊടിഞ്ഞാല്‍ ശുഭരാത്രി. നീ ചിന്തിച്ചിട്ടുണ്ടൊ....ഈ ലോകമെത്ര സുന്ദരമാണെന്ന്...?നിഷ്കളങ്കതയുടെ ഒരൊറ്റ മുഖവും കാണുന്നേയില്ല,എല്ലാം കപടം.വികൃതമായ ശരീരത്തില്‍ ആടകളും, മുഖം നിറയെ ചായം തേച്ചും നടക്കുന്നവര്‍.ഇന്നലെകള്‍ നശിച്ചവര്‍,ഓര്‍മകള്‍ ഇല്ലാത്തവര്‍.അതില്‍ രണ്ടശ്രുബിന്ദുക്കളായി ഞാനും നീയും.പക്ഷെ നാം തമ്മില്‍ അന്തരങ്ങളുണ്ട്.എനിക്കു ആഗ്രഹങ്ങളില്ല.,ദു:ഖങ്ങള്‍ മാത്രം.നീയൊ,....ഉയര്‍ന്നു പറക്കാന്‍ കൊതിച്ച് ചിറകറ്റ് വീണവന്‍.വിടരാത്ത സ്വപ്നങ്ങള്‍ സ്വന്തമായുള്ളവന്‍.നമുക്കിടയില്‍ രണ്ടഗ്നി ഗോളങ്ങള്‍.ദു:ഖം ഉന്മാദമായതു കൊണ്ടാകാം ഞാന്‍ കരയുന്നു.നീ ഭ്രാന്തമായി ചിരിക്കുകയും.......ചില നിമിഷങ്ങളില്‍ ദുഖത്തിന്റെ കനല്‍ കുടീരങ്ങള്‍ നീയുമായി പങ്കുവെക്കാന്‍ ഞാനാഗ്രഹിക്കാറുണ്ട്.പക്ഷെ പറയുവാനുള്ളത് കണ്ണീര്‍ക്കഥകളാകുമ്പോള്‍ നിനക്കും മടുക്കും.കാരണം സന്തോഷം നാം അളക്കാറില്ല,ദു:ഖം അളന്നുതിട്ടപ്പെടുത്തും. ചിലപ്പോഴൊക്കെ ഞാനൊരു മാധവിക്കുട്ടിയായിരുന്നെങ്കിലെന്നാഗ്രഹിച്ചിട്ടുണ്ട്.നമ്മളടങ്ങുന്ന സമൂഹത്തെ എത്ര തന്മയത്തത്തോടെയാണവരഴിച്ചു മാറ്റുന്നത്......ജീര്‍ണ്ണിച്ചുതുടങ്ങിയ തത്വശാസ്ത്രങ്ങളെ കുഴിച്ചുമൂടാന്‍ ഞാനാഗ്രഹിക്കുന്നു....പക്ഷെ നീയടങ്ങുന്ന പുരുഷസമൂഹം തന്റെ നീരാളിക്കയ്കളാല്‍ എന്നെ വരിഞ്ഞുമുറുക്കും.ജ്വലിച്ചു തുടങ്ങിയ എന്റെ കണ്ണുകള്‍ നിങ്ങള്‍ ചൂഴ്ന്നെടുക്കും.എന്നെന്നേക്കുമായെന്നെ നിശബ്ദയാക്കും.എന്നാലും എനിക്ക് ഭയമില്ല.കാരണം എന്റെ ചിന്തകള്‍ക്ക് ഞാനെന്നേ ശവക്കല്ലറ പണിതുകഴിഞ്ഞു.എന്റെ നിശ്വാസം പോലും കടവാതിലിന്റെ ചിറകടിയായി മാറിയിരിക്കുന്നു.... കാരണമില്ലാതെ കരയാന്‍ ഞാനിപ്പോള്‍ ശീലിച്ചു കഴിഞ്ഞിരിക്കുന്നു.....നിന്റെ സന്തോഷത്തില്‍ പങ്കുചേരാനോ, സ്വയം മറന്നൊന്നു ചിരിക്കാനോ എനിക്കറിയില്ല...ദു:ഖം ഒരു വിഷസൂചിക പോലെ എന്റെ ശരീരം മുഴുവന്‍ പടര്‍ന്നിരിക്കുന്നു...ജീവിതം ആവര്‍ത്തനമാണ്.,ഓരോ പ്രഭാതവും ഒന്നിനൊന്ന് വിരസമാണ്.മനസ്സുകൊണ്ട് മൃഥ്യു വരിച്ച ഒരുവള്‍ക്ക് ജീവിതം ആയാസമേകും.നശ്വരതയെന്തെന്നറിയാതെ മൂഢ സ്വര്‍ഗ്ഗത്തില്‍ അലയുകയായിരുന്നു ഞാനിത്രനാളും........ഇനി വയ്യ.എല്ലാം ഓര്‍മകളായിത്തീരുന്നതിനു മുമ്പ് സ്വപ്നങ്ങള്‍ വറ്റിവരളുന്നതിനു മുമ്പു എനിക്കു പോകണം ,വ്യതിഥ താളത്തോടെ ഇഴയുന്നതിനേക്കാള്‍ നല്ലത് മരണമാണ്....ആരോടും ഞാന്‍ യാത്ര പറയില്ല...സഹതാപത്തിന്റെ ശരവര്‍ഷങ്ങള്‍ എനിക്കിഷ്ട്മല്ല,.അതെന്നെ കുത്തിനോവിക്കുകയേ ചെയ്യൂ... എന്നെ മറക്കരുതെന്നോ,ഓര്‍ക്കണമെന്നോ പറയാന്‍ എനിക്കു കഴിയില്ല.കാരണം കാലം വല്ലാത്തൊരു വില്ലനാണ്.കാലചക്രം തിരിയുന്നതിനനുസരിച്ചു മറക്കപ്പെടവുന്നതേയുള്ളു എല്ലാം...അതില്‍ പ്രധാനിയായിരിക്കട്ടെ ഞാനും എന്നോര്‍മകളും...... നിങ്ങള്‍ പരിതപിച്ചേക്കാം,എന്നെ ശപിച്ചേക്കാം.ഞാനരെയാണ് ഭയക്കേണ്ടത്.എന്നെ വളര്‍ത്തിയ മാതപിതാക്കളേയൊ,അവര്‍ക്കെന്നെയറിയാം, എന്റെ വ്യഥകളറിയാം.......പിന്നെ എന്നെ ഞാനാക്കിയ തത്വശാസ്ത്രത്തെയൊ ലോക തത്വങ്ങളെയോ എനിക്കു ഭയമില്ല....ഇതാണു സ്വര്‍ഗ്ഗമെന്നും അവനാണു ജീവിതമെന്നും ഞാന്‍ വിശ്വസിച്ചിരുന്നു...മനസ്സിന്റെ തോന്നലുകള്‍ എന്റെ കൈകള്‍ക്കറിയാമെന്നു തോന്നുന്നു.ഒരിക്കലും നശിക്കത്തൊരോര്‍മയായ് അവനുള്ളതുകൊണ്ടാകാം ഈ താളുകളില്‍ ഞാനവന്റെ നിഴല്‍ചിത്രം വരച്ചത്....അങ്ങനെയെങ്കിലും അവനെന്നിലൂടെ ജീവിക്കട്ടെ... ഇപ്പോള്‍ ഞാനത് മറക്കാന്‍ ശ്രമിക്കുന്നു.പുതിയ മേച്ചില്‍പ്പുറങ്ങള്‍ അന്യേഷിക്കാനാവില്ലെങ്കിലും എനിക്ക് മറന്നേ തീരൂ......ചിലതങ്ങിനെയാണ്.,പാതിവഴിയില്‍ വെച്ച് നഷ്ട്പ്പെടുന്നവ,നഷ്ട്പ്പെടുത്തേണ്ടവ.ഇനിയൊരു പുനര്‍ജജനിയില്ലാത്ത വിധം ആ വസന്തമെനിക്ക് നഷ്ടപ്പെട്ടിരിക്കുന്നു......ഇനിയൊന്നുമെന്നിലവശേഷിക്കുന്നില്ല,...കുറച്ച് ശൂന്യതയല്ലാതെ.........

16 comments:

മിന്നാമിനുങ്ങുകള്‍ //സജി.!! said...

സത്യത്തില്‍ ഒരു മുഖം മൂടി മാത്രമായിരുന്നു നീ എന്നാണ് കരുതിയിരുന്നത് പക്ഷെ ഈ പോസ്റ്റിലെ വരികള്‍ നീയെന്താണെന്ന് ഞാന്‍ മനസ്സിലാക്കുന്നു

"ഒരു തുള്ളി ജലകണത്തില്‍ നേര്‍ത്ത വെയിലിന്റെ ചൂടേറ്റപോലെ."

കണ്ണീര്‍മഴത്തുള്ളികളാല്‍ യാത്രപറഞ്ഞ ദിനം മനസ്സില്‍ ഇന്നും എരിഞ്ഞടങ്ങിയിട്ടില്ല ..
എന്നെ മറക്കരുതെന്ന് ഞാന്‍ പറയുന്നില്ല അകലരുതെന്ന് വിലപുക്കുന്നുമില്ല.. കാരണം ഞാന്‍ തന്നെയായിരുന്നല്ലൊ അന്ന് നീയും

പ്രകൃതിയില്‍ ഓര്‍മ്മകളുടെ ചെമ്പനീര്‍ ‍പൂക്കള്‍ വിരിയുമ്പോഴും

വിരഹവിഷാദമുണര്‍ത്തുന്ന കുറേയേറെ ഓര്‍മ്മകളുടെ ഒരു നൊമ്പരം

അതേ ഷെറിക്കുട്ടി ആലോചിച്ച് വെറുതെ മറ്റുള്ളവരേക്കുടി സെന്റിയടുപ്പിക്കല്ലെ ആ പറഞ്ഞേക്കാം..ഇന്നലെയില്‍ നിന്ന് ഇന്നിലേയ്ക്കും ഇന്നില്‍ നിന്ന് എന്നിലേയ്ക്കും എന്നില്‍ നിന്ന് നിന്നിലേയ്ക്കും ഞാന്‍ നടന്ന്തീര്‍ക്കുന്ന വഴിദൂരമാണ് ഈ ജീവിതം,

പാഥേയമില്ലാത്ത ഈയുള്ളവന്റെ ഈ യാത്രയില്‍

ഉടഞ്ഞകണ്ണാടിയ്ക്കുള്ളിലെ പ്രതിബിംബം സാക്ഷിയായി എനിക്ക് നീയാവാനും നിനക്ക് ഞാനാകാനും കഴിയുമൊ..?

കഴിയില്ല ആര്‍ക്കും അതിനു കഴിയില്ല...
എന്നെക്കൊണ്ട് സെന്റിയടുപ്പിച്ചൂ നീ ഹ്മം.

thoufi | തൗഫി said...

ഇനി വയ്യ.എല്ലാം ഓര്‍മകളായിത്തീരുന്നതിനു മുമ്പ് സ്വപ്നങ്ങള്‍ വറ്റിവരളുന്നതിനു മുമ്പു എനിക്കു പോകണം ,വ്യതിഥ താളത്തോടെ ഇഴയുന്നതിനേക്കാള്‍ നല്ലത് മരണമാണ്....

വല്ലാത്തൊരു വിരഹം നിഴലിക്കുന്നുണ്ടല്ലൊ
വരികളില്‍.വിരഹം കുറിപ്പുകളില്‍
മാത്രമൊതുങ്ങട്ടെ..അത് മനസ്സിനെ
കുത്തിനോവിക്കാതിരിക്കട്ടെ.

OAB/ഒഎബി said...

നഷ്ടപ്പെട്ടത് ഒരു പാടുണ്ട്. അതിന്റെ കണക്കെടുക്കാറില്ല. ഇന്ന് സത്യം. നാളെ... അത് ദൈവത്തിന്‍ പക്കല്‍. അതിനാല്‍ സുഖം, സന്തോഷം..

Unknown said...

എല്ലാവരും അങ്ങനെയാണ് ജീവിതം ഉത്തരവാദിത്വങ്ങള്‍ എല്ലാം കാരണം പലതും
മറക്കാന്‍ ശ്രമിക്കുന്നു.
എം.ടി.പറഞ്ഞ പോലെ ഒരിക്കല്‍ നമ്മുക്ക് വിടപറയേണ്ടി വരും വീണ്ടും കണ്ടുമുട്ടുന്നതു വരെ

Shooting star - ഷിഹാബ് said...

arthamillaathea oru vaakku polum kurichittilla manassilntea kayattavum irrakkavum vaayikkumboal anubhavichariyunnu ezhuthukaarante vijayam.

nandi nallaoru vaayanaa anubhavam thannathinu

Shabas said...

ഷെറിയുടെ മറ്റു പൊസ്റ്റുകളിലെ വരികളിലൂടെ മനസ്സിലാക്കിയതിനെ ഒന്നൂടെ ബലപ്പെടുത്തുന്ന വരികള്‍..
വിരഹത്തിന്റെ തേങ്ങലുകള്‍ , അല്ലെങ്കില്‍ നിരാശ ഒന്നൂടെ മറ നീക്കി പുറത്തു വന്നിരിക്കുന്നു..
വായിക്കുമ്പോള്‍ ജീവിതത്തില്‍ അനുഭവിച്ച അനുഭവിക്കുന്ന വേദന തിരിച്ചറിയുന്നു.. മറക്കണമെന്നാഗ്രഹിച്ചിട്ടും മറക്കാന്‍ കഴിയാത്ത പലതും..
ആ ഓറ്മകളെ സ്വപ്നമാണെന്നു കരുതാനാവുമോ?

"നിഷ്കളങ്കതയുടെ ഒരൊറ്റ മുഖവും കാണുന്നേയില്ല"
എന്ന വാക്കുകളൊട് അത്ര പൊരുത്തപ്പെടാന്‍ പറ്റുന്നില്ല... ഓരോരുത്തരുടെയും അഭിപ്രായമായിരിക്കുമല്ലൊ....കണ്ടത് കപട മുഖങ്ങല്‍ മാത്രമാണൊ?
ശൂന്യത എഴുത്തില്‍ മാത്രം ഒതുക്കി നിര്ത്താന്‍ ശ്രമിക്കണം.. അതിന്റെ കൂടെ എല്ലാ വിഷമങ്ങളും...

ധ്വനി | Dhwani said...

പാതിവഴിയില്‍ വെച്ച് നഷ്ട്പ്പെടുന്നവ മുഴുവന്‍ തന്നെ നഷ്ട്പ്പെടുത്തേണ്ടവ തന്നെ .

siva // ശിവ said...

ഏയ് ഷെറിക്കുട്ടി,

എന്റെ മനസ്സിലെ ഷെറിക്കുട്ടി ഇങ്ങനെ ആയിരുന്നില്ല...പനമരങ്ങളുടെ നാട്ടില്‍ ഏതോ വീടില്‍ സന്തോഷങ്ങള്‍ക്ക് നടുവിലിരുന്ന് എന്നോട് വല്ലപ്പോഴുമൊക്കെ സംസാരിക്കുന്ന ഒരു പാവം കുട്ടി.

ഇതൊക്കെ വായിച്ച് ഞാനും വെറുതെ എന്തൊക്കെയോ ആലോചിച്ചു പോയി.

ഒന്നും നഷ്ടപ്പെട്ടിട്ടില്ല...വസന്തം ഇനിയും വരും...ഇനിയും ആ ചില്ലകളില്‍ പൂക്കള്‍ വിടരും...ഒരു പക്ഷെ ആദ്യവസന്തത്തെക്കാളേറെ...

എനിക്കറിയാം നീ ഇതൊക്കെ വെറുതെ എഴുതിയതാണെന്ന്....ഞാന്‍ അങ്ങനെ വിശ്വസിക്കുന്നു...അങ്ങനെ തന്നെയല്ലേ? അങ്ങനെ മതി...

ഇനിയും മരണം, ദു:ഖം, നഷ്ടം, എന്നൊക്കെ പറഞ്ഞാല്‍.... എന്റെ ബ്ലോഗിലാര്‍ കാവിലമ്മയാണേ സത്യം...ഞാന്‍ ഇനി മിണ്ടില്ല...

സസ്നേഹം,

ശിവ

ഗോപക്‌ യു ആര്‍ said...

എയ്‌, എന്തായിത്‌ ഷെറി,വെറുതെ ടെന്‍ഷന്‍ അടിപ്പിക്കുകയാണൊ?
[എല്ലാവര്‍ക്കും ഇങ്ങനെയൊക്കെത്തന്നെയാനു ജീവിതം.....]
പക്ഷെ "എന്നും ഒന്നും ഒരെപോലെ ആയിരിക്കില്ല"...
.കാലം മാറിവരും....
so cheer up yourself...if your lines are sincere..............
at least u hav got a gift of writing...just celebrate with it...best wishes.............

Shaf said...

എന്നും ഒന്നും എന്നും ഒന്നും ഒരെപോലെ ആയിരിക്കില്ല

ഹാരിസ്‌ എടവന said...

ജീവിതം എന്നൊക്കെ പറയുന്നതു ഇങ്ങീനെയൊക്കെ തന്നെയാണു.കരഞിരിക്കാന്‍ എല്ലാവര്‍ക്കും കഴിയും.
അങ്ങിനെ കരഞിരിക്കാന്‍ നിന്നു കൊടുക്കരുത്.

ഒരിതള്‍ മതി
ഒരു പൂക്കാലം തീര്‍ക്കാന്‍
ഒരു കൂട്ടുമതി
കൂട്ടായ്മ തീര്‍ക്കാന്‍
ഒരു വാക്കു മതി
ഒരു കവിതയെഴുതാന്‍
ഒന്നു ചിരിക്കുക
ഒലിച്ചു പോവും
കരയിക്കും ഓര്‍മ്മകള്‍
മുഴുവന്‍

മാന്മിഴി.... said...

oh.....ellavarkkum thanks......enthinokkeyo......

ശ്രീ said...

സുഖ ദുഖ സമ്മിശ്രമാണല്ലോ ജീവിതം.

നന്നായി എഴുതിയിരിയ്ക്കുന്നു.

Sanoj Jayson said...
This comment has been removed by the author.
Sanoj Jayson said...

ബാലേട്ടന്‍ എന്ന ചിത്രത്തിലെ
ഇന്നലെ എന്‍ നെഞ്ജിലെ.... എന്ന ഗാനം ആദ്യമായി കേട്ടപ്പോള്‍മുതല്‍.. എന്നിലുണ്ടാക്കിയ വികാരം...
അതിനെ വിരഹമെന്നോ... സങ്കടമെന്നോ.. എനിക്കറിയില്ല അതിനെ പറ്റിപറയാന്‍...

ആ ഗാനരംഗത്തിലെ ഭാഗങ്ങളും എന്റ്റെ ജീവിതവും ഒരുപോലെ അയതിനാലാകും..

പിന്നീട് അത്തരം അനുഭവം തന്മാത്ര സിനിമ കണ്ടപ്പോശ്ശും ഉണ്ടായി...

അത്തരം അനുഭവം ഇത് വായിച്ചപ്പോഴും തോന്നി..
ഉള്ള ദുഖം പങ്ക് വെച്ചാല്‍ കുറയും..
ഉള്ള്തുറന്ന് പങ്ക് വെച്ചാല്‍ മാത്രം.....

എനിക്ക് പറയ്യാന്‍ ഉള്ളവയും ഈ പോസ്റ്റിലണ്ണ്ട്..

ബന്ധങ്ങള്‍ പലപ്പോഴും അകലാന്‍ വേണ്ടി മാത്രമുള്ളവയാണ്.

പിന്നീട്,പിന്നീടൊരു നളൊന്നും പറയാതെ ഇരുവഴികളിലായി നടന്നു നീങ്ങും.

ഒടുവില്‍ നഷ്ട്പ്പെട്ടവ കണ്ടെടുക്കുമ്പോഴേക്കും സ്വന്തം മുഖം നമുക്കു നഷ്ട്പ്പെട്ടിരിക്കും...

ഇതിനിടയില്‍ എന്തിനാ ഒരു പുരുഷവിദ്വേഷം വന്നെ എന്ന് മനസിലകുനില്ലാ...
എല്ലാവരും ഒരുപോലെയല്ലയെന്ന് ഓര്‍ക്കുക..

ഇത്തരം സ്രിഷ്ടികള്‍ ഇനിയും പ്രതീക്ഷിക്കുന്നൂ,,,

ഒരു സ്നേഹിതന്‍ said...

"ഒടുവില്‍ നഷ്ട്പ്പെട്ടവ കണ്ടെടുക്കുമ്പോഴേക്കും സ്വന്തം മുഖം നമുക്കു നഷ്ട്പ്പെട്ടിരിക്കും...."

വിരഹത്തിന്റെ വേതനിക്കുന്ന വരികള്‍...
ഇഷ്ടപ്പെട്ടു...