Saturday, June 28, 2008

ഓര്‍മകളുടെ തംബുരുവില്‍....................

പുറത്തു നേരിയ ചാറ്റല്‍മഴയുണ്ട്
മുമ്പ് കണ്ട മൂന്ന് നക്ഷത്രങ്ങള്‍ കാര്‍മുകില്‍
മറച്ചിരിക്കുന്നു......
നിയോണ്‍ വെളിച്ചത്തില്‍
കരയുന്ന പാതയുടെ നെഞ്ചില്‍ ചവിട്ടി
എനിക്കൊന്നു നടക്കണം
ചിലര്‍ ചോദിച്ചേക്കാം
നിനക്കു വട്ടുണ്ടോ എന്ന്
എന്താണ് മറുപടി.....?
ഇടയ്ക്ക് വീണു കിട്ടുന്ന ഈ ഗൃഹാതുരത്വമല്ലാതെ
മറ്റെന്താണ് നമുക്ക് സ്വന്തമായുള്ളത്.

പിന്‍ വിളിക്കായ് ആരുമില്ലെങ്കിലും
ഞാനൊന്ന് നടക്കട്ടെ......

നിന്റെ പേരുകൊത്തിവെച്ച നിലാവിന്റെ
പ്രകാശക്കുത്തൊഴുക്കിലൂടെനടന്നപ്പോള്‍
നിന്നെകുറിച്ചു മാത്രമാണ് ചിന്തിച്ചത്,
ക്ലാവു പിടിച്ച ചിന്തകളില്‍ നിന്നും
നിന്റെ മുഖം ,കണ്ണുകള്‍,പേര് എല്ലാം
ഓര്‍മിച്ചെടുക്കണമെന്ന് ഞാനാഗ്രഹിക്കുന്നു........
നിന്റെ കണ്ണുകള്‍ വിടര്‍ന്നതോ
കവിളുകള്‍ തുടുത്തതോ എന്ന്.......
പക്ഷെ,
എന്റെ ഡയറിത്താളുകളിലൊന്നും തന്നെ
നിന്റെ പേരു കണ്ടില്ല,മുഖം കണ്ടില്ല.....
നമ്മള്‍ ആദ്യം പരിചയപ്പെട്ട നിമിഷം,
ആ ദിവസം ഓര്‍മിച്ചെടുക്കണമെന്ന്
ഞാനഗ്രഹിക്കുന്നു...
ആ ദിവസം ഇരുണ്ടതോ,തെളിച്ചമുള്ളതോ എന്നറിയാന്‍
അന്നു വര്‍ഷമോ വേനലോ എന്ന്
പക്ഷെ,വെറുക്കപ്പെടാത്ത ആ ഓര്‍മ തെന്നിപ്പോയി...
എന്തെങ്കിലും ഓര്‍ക്കാനോ,കാണാനോ കഴിയാത്ത വിധം,
ഞാനത്രയ്ക്കു മൌഢ്യയായിരുന്നു.....
നീ ആണോ പെണ്ണോ എന്ന്
നിന്റെ പേരെന്താണെന്ന് തിരിച്ചറിയാന്‍ കഴിയാത്തവിധം.........

9 comments:

Shabas said...

"പിന്‍ വിളിക്കായ് ആരുമില്ലെങ്കിലും
ഞാനൊന്ന് നടക്കട്ടെ......"

പിന്‍ വിളിക്കായി ആരുമില്ലെന്ന തോന്നലോ അതോ എന്നോ നഷ്ടപ്പെട്ടു പോയ സ്നേഹത്തിന്റെ വിതുംബലോ..

എന്തായാലും കൊള്ളാം..

അനാമിക said...

conect the words
conect the theme
dont allow to spread ur words
u have words
u have idea
u have theme
but just re arrange
best wishes

മിന്നാമിനുങ്ങുകള്‍ //സജി.!! said...

നഷ്ടങ്ങളുടെ കണക്കുപുസ്തകം അത് ചെറുതല്ല അല്ലെ..
ഏകാന്തനായ ഒരു വഴിയാത്രക്കാരന് ഏകാന്തതതയും ചിലപ്പോള്‍ കൂട്ടുകാരനായേക്കാം. എഴുതൂ എഴുതൂ.. വിരഹം മത്രം ആയിപ്പോക്കല്ലെ വല്ലപോഴും പോയകാലത്തിന്റെ ഓര്‍മയില്‍ മനസ്സ് കണ്ണീരില്‍ കഴുകിതെളിയിപ്പിക്കണം കെട്ടൊ.

ഗോപക്‌ യു ആര്‍ said...

'പേരു കൊത്തി വച്ച നിലാവ്‌'
.....നല്ല രൂപകം..
.പക്ഷെ 'പ്രകാശക്കുത്തൊഴുക്കു'
വേണൊ?

siva // ശിവ said...

ഇപ്പോള്‍ വിഷമം മാറിയല്ലോ...ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഞാന്‍ തനിമലയാളത്തില്‍ നിന്നും വന്നാ ഇതു വായിക്കുന്നത്.

രാത്രി ഇങ്ങനെ വെറുതെ ഇറങ്ങി നടക്കുന്നത് കൊണ്ടാ ഇങ്ങനെ വേണ്ടാത്ത ചിന്തകള്‍.

എന്തായാലും ഈ വരികള്‍ നന്നായി.

ഞാനൊന്നു ചോദിച്ചോട്ടെ....അത്രയ്ക്ക് മൌഢ്യയായിരുന്നോ?

സസ്നേഹം,

ശിവ

ശ്രീ said...

വരികള്‍ നന്നായിട്ടുണ്ട്
:)

Unknown said...

പലപ്പോഴും ഓര്‍മ്മകള്‍ നമ്മെ വേട്ടയാടുന്നു.
എവിടെയോ കുറിച്ചിട്ട വരികള്‍
ആരുടെയോ കൈയ്യൊപ്പുകള്‍
നിലാവില്‍ ആരെയോ ഓര്‍ത്ത് കിടക്കുമ്പോള്‍
അകലങ്ങള്‍ക്ക് വല്ലാത്ത അടുപ്പം
ഉണ്ടെന്ന് തോന്നും
മുമ്പ് എപ്പോഴോ കണ്ടുമുട്ടിയ ആ ആളുടെ ഓര്‍മ്മകള്‍
പിന്നെ എപ്പോഴോ നഷടമായപ്പോഴുള്ള വേദനകള്‍
ഏല്ലാം മനസ്സില്‍
ഒരു ചിത്രം വരക്കുന്നതു പോലെ ഒരു തോന്നല്‍

രസികന്‍ said...

ഇടയ്ക്ക് വീണു കിട്ടുന്ന ഈ ഗൃഹാതുരത്വമല്ലാതെ
മറ്റെന്താണ് നമുക്ക് സ്വന്തമായുള്ളത്.

ഈ വരികൾ എന്തോ എനിക്കു നന്നായി ഇഷ്ടപ്പെട്ടു,അല്പം ചിന്തിപ്പിച്ചു. ചിലപ്പോൾ പ്രവാസ ജീവിയായതുകൊണ്ടായിരിക്കും

ഒരു സ്നേഹിതന്‍ said...

വരികളെല്ലാം എനിക്കിഷ്ടപ്പെട്ടു,

"പിന്‍ വിളിക്കായ് ആരുമില്ലെങ്കിലുംഞാനൊന്ന് നടക്കട്ടെ......"
ഗംഭീരം...

"പക്ഷെ,വെറുക്കപ്പെടാത്ത ആ ഓര്‍മ തെന്നിപ്പോയി...എന്തെങ്കിലും ഓര്‍ക്കാനോ,കാണാനോ കഴിയാത്ത വിധം,ഞാനത്രയ്ക്കു മൌഢ്യയായിരുന്നു.....നീ ആണോ പെണ്ണോ എന്ന്നിന്റെ പേരെന്താണെന്ന് തിരിച്ചറിയാന്‍ കഴിയാത്തവിധം........."

ആശംസകള്‍...